ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്
അന്നപൂരണിയും പത്താനും എമ്പുരാനും വരുമ്പോൾ ആർഷഭാരതക്കാർക്ക് നിലവിളിയും നെഞ്ചത്തടിയും.
കാശ്മീർ ഫയൽസും കേരള സ്റ്റോറിയും വന്നപ്പോൾ "സമാധാന" മതക്കാർക്ക് നിലവിളിയും ഏങ്ങലടിയും.
ഈശോയും ഹോളിവൂണ്ടും വന്നപ്പോൾ അരമനകളിൽ കൂട്ടക്കരച്ചിലും മുറവിളിയും.
ടിപി 51 ഉം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും വന്നപ്പോൾ വിപ്ലവ വീടുകളിൽ കട്ടക്കലിപ്പും പല്ലിറുമ്മലും.
ചില സിനിമകളുടെ കാര്യത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളിയും വീർപ്പിക്കലും.. ചില സിനിമകളുടെ കാര്യത്തിൽ വികാരം വ്രണപ്പെട്ട നെഞ്ചത്തടിയും മോങ്ങലും.
"എൻ്റെ മതത്തെയും ഗോത്രത്തെയും നോവിക്കാത്തിടത്തോളം കാലം നിൻ്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ചങ്ക്പറിച്ച് നൽകാൻ ഞാൻ തയ്യാറാണ്"
എന്നാണ് ഓരോ മതരോഗിയും പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്. കലാകാരനും കലാസൃഷ്ടിക്കും അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടേണ്ടതുമായ സ്വാതന്ത്ര്യത്തിലേക്ക് മതവും രാഷ്ട്രീയവും ഇരച്ചു കയറുകയും മോണിറ്റർ ചെയ്യുകയും അവരുടെ തീട്ടൂരങ്ങൾക്കനുസരിച്ച് അതിർവരമ്പുകൾ കൽപ്പിക്കപ്പെടുകയും ചെയ്യുന്നത് ഭീതിതമായ അവസ്ഥയാണ്. സെൻസർ ബോർഡിന്റെ അംഗീകാരം കിട്ടി പുറത്തിറങ്ങി ഓടിക്കൊണ്ടിരിക്കുന്നൊരു സിനിമക്ക് മതരോഗികളുടെയും രാഷ്ട്രീയ അടിമകളുടെയും രോദനങ്ങൾക്ക് വഴങ്ങി കത്രിക വയ്ക്കേണ്ടിവരുന്നത് കറകളഞ്ഞ ഫാസിസമാണ്.
തന്റെ മതത്തിനോ രാഷ്ട്രീയത്തിനോ ഹിതകരമല്ലാത്ത എന്തിനോടും മാരകമായ അസഹിഷ്ണുതയോടെ പെരുമാറുകയും 'മറ്റുള്ളവ'രുടെ കാര്യത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മാലാഖമാരായി ചമയുകയും ചെയ്യുന്ന ഇരട്ടത്താപ്പിന്റെ വികൃതമുഖങ്ങളാണ് മുകളിൽ സൂചിപ്പിച്ച സിനിമ വിവാദങ്ങളിൽ കേരളം കണ്ടത്. തിണ്ണമിടുക്കിനും തിണ്ണബലത്തിനും അനുസരിച്ച് അതിന്റെ പ്രഭാവത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് മാത്രം.
വസ്തുതകൾ വസ്തുതകളായി തന്നെ പറയാൻ ഇത് കോടതിവിധിയോ,ജഡ്ജ്മെന്റോ,അന്വേഷണ കമ്മീഷൻ റിപ്പോർട്ടോ,ചരിത്രഗ്രന്ഥമോ ഒന്നുമല്ല. 'കഥ' യാണ്, 'സിനിമ'യാണ്.. കഥാതന്തു നടന്ന സംഭവമാണെങ്കിലും അല്ലെങ്കിലും അതൊരു കലാസൃഷ്ടിയായി മാറുമ്പോൾ അതിൽ അതിശയോക്തിയും ന്യൂനോക്തിയും സങ്കല്പങ്ങളും സ്വപ്നങ്ങളും ഒക്കെയുണ്ടാവും. ഈ പറഞ്ഞത് എല്ലാ കലാസൃഷ്ടികൾക്കും ബാധകവുമാണ്.
ഇപ്പോൾ എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സംഘപരിവാറിന്റെ ആക്രോശങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കൊലവിളിയാണ്. കാശ്മീർ ഫയൽസിന്റെയും കേരള സ്റ്റോറിയുടെയും കാര്യത്തിൽ ഛർദ്ദിച്ചതൊക്കെയും അവരിപ്പോ വെള്ളം കൂട്ടാണ്ട് വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.(അന്ന് കിടന്നു മോങ്ങിയവരൊക്കെ ഇന്ന് ആവിഷ്കാര സ്വാതന്ത്ര്യം ആഘോഷിക്കുന്ന അശ്ലീല കാഴ്ചകളും നമ്മൾ കാണുന്നു!!) സിനിമയെ 'സിനിമ'യായി കാണേണ്ടതിന് പകരം സർവ്വതും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കണ്ണിലൂടെ മാത്രം വിലയിരുത്തപ്പെടുന്നത് ജീർണിച്ച മാനസികാവസ്ഥയാണ്. ആൾക്കൂട്ട ഭ്രാന്തുകളെ തൃപ്തിപ്പെടുത്തിക്കൊണ്ട് മാത്രമേ കലക്കും സാഹിത്യത്തിനും സംഗീതത്തിനും നിലനിൽപ്പുള്ളൂ എന്നു വരുന്നതും, മിണ്ടാനും പറയാനും ചോദിക്കാനുമുള്ള പൗരാവകാശം ഫാസിസ്റ്റുകളുടെ ഔദാര്യമായി മാറുന്നതും ഭയാനകമായൊരു സാമൂഹ്യ അവസ്ഥയാണ്.
സെലക്ടീവ് മതേതരത്വവും, സെലക്ടീവ് നവോത്ഥാനവും, സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവും, സെലക്ടീവ് രാജ്യസ്നേഹവുമൊക്കെ വർഗീയതയുടെ അത്രതന്നെ അപകടം പിടിച്ചതും ജീർണിച്ചതുമായ ഏർപ്പാടുകളാണ്.

KA Naseer