സ്വപ്‌നങ്ങളുടെ യാഥാർഥ്യങ്ങൾ
തിരക്കേറിയ പകൽ ജീവിതത്തിന് ശേഷം എല്ലാം മറന്ന് മൂടി പുതച്ചൊന്നുറങ്ങാൻ കൊതിക്കുന്നവരാണ് നമ്മൾ. അങ്ങനെയുള്ള കൊതിയുറക്കങ്ങളിൽ പലപ്പോഴും സ്വപ്‌നങ്ങൾ മര്യാദയില്ലാതെ നുഴഞ്ഞു കയറാറുണ്ട്. അവ നമ്മളെ അത്ഭുതപ്പെടുത്തുകയും, ഭയപ്പെടുത്തുകയും, വിഷമിപ്പിക്കുകയും, സന്തോഷിപ്പിക്കുകയും ചെയ്യാറുണ്ട്. ഇടയ്ക്കെങ്കിലും നടക്കാനിരിക്കുന്ന ഒന്ന് സ്വപ്നം കണ്ടതായി തോന്നാറില്ലേ? കണ്ടത് അതുപോലെ നടന്നതായും തോന്നിയിട്ടില്ലേ? അതിന്റെ രഹസ്യങ്ങൾ ഈ ലേഖനം വായിച്ചു തീരുമ്പോൾ വ്യക്തമാകും.
സ്വപ്നങ്ങളെ കുറിച്ചും മനുഷ്യർ പഠിച്ചിട്ടുണ്ട്. ആ പഠനങ്ങൾ അറിയുന്നത് വഴി നമുക്ക് സ്വപ്നലോകത്തിന്റെ നിഗൂഢത നീക്കാനാകും. നമ്മുടെ തലച്ചോറിൽ നടക്കുന്ന കോടിക്കണക്കിനു കാര്യങ്ങൾ പഠിച്ചെടുക്കുക എന്ന ലക്ഷ്യവുമായി ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള ജിജ്ഞാസയിൽ ഏറെ കൗതുകം ജനിപ്പിക്കുന്ന ഒന്നാണ് സ്വപ്‌നങ്ങൾ എങ്ങനെ ഉണ്ടാവുന്നു എന്നത്. സ്വപ്‌നങ്ങൾ തലച്ചോറിൽ ഓർമ്മകൾ ക്രമീകരിക്കുന്ന പ്രക്രിയയുടെ ഭാഗമാണ് എന്നാണ് ശാസ്ത്രം ഇന്നുവരെയുള്ള പഠനങ്ങളിൽ നിന്ന് മനസ്സിലാക്കിയത്. ഇത് പ്രധാനമായും ഉറക്കത്തിന്റെ Rapid Eye Movement (REM) എന്ന ഘട്ടത്തിലാണ് സംഭവിക്കുന്നത്, ഉറക്കത്തിൽ കണ്ണിന്റെ കൃഷ്ണമണി ആവർത്തിച്ച് ചലിച്ച് കൊണ്ടിരിക്കുന്ന ഒരു ഘട്ടമാണ് ഇത്. എങ്കിലും Non-REM ഘട്ടങ്ങളിലും ചില സ്വപ്നങ്ങൾ ഉണ്ടാകാം. ഉറക്കത്തിന്റെ സമയത്ത് തലച്ചോറിന്റെ hippocampus (ഓർമ്മകൾ രൂപപ്പെടുത്തുന്ന ഭാഗം), neocortex (ചിന്ത, വിശകലനം, ഓർമ്മകൾ സംഭരിക്കൽ), amygdala (വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗം), visual cortex (കാഴ്ചകൾ പ്രോസസ്സ് ചെയ്യുന്ന ഭാഗം), prefrontal cortex (ഭാവന, സർഗ്ഗാത്മകത) എന്നീ ഭാഗങ്ങൾ സജീവമാണ്. അതേ സമയം dorsolateral prefrontal cortex (തർക്കബുദ്ധി, യുക്തിചിന്ത) ഈ സമയത്ത് കുറഞ്ഞ പ്രവർത്തനക്ഷമതയിലുമാണ്. ഈ വസ്തുതകൾ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തരുന്നതാണ്.
പേടി സ്വപ്നങ്ങൾ എങ്ങനെ ഉണ്ടാവുന്നു? എങ്ങനെ സ്വപ്‌നങ്ങൾ കഴിഞ്ഞുപോയ ഓർമ്മകളെ ഒരു വീഡിയോ പോലെ നമുക്ക് കാണിച്ചു തരുന്നു? അത് എങ്ങനെ ഭാവനാത്മകവും വികാരനിർഭരവുമായ ദൃശ്യാനുഭവമായി മാറുന്നു? അതൊരു കഥപോലെ കാണാൻ കഴിയുന്നത് എങ്ങനെ? പരസ്പര ബന്ധമില്ലാത്ത ഒന്നായി തോന്നുന്നത് എന്താണ്?
ചില സ്വപ്നങ്ങൾ നമ്മെ പേടിപ്പിക്കുന്ന പേടിസ്വപ്നങ്ങൾ (nightmares) ആകാം, ഇവ പലപ്പോഴും amygdala യുടെ അമിത പ്രവർത്തനം മൂലമാണ് ഉണ്ടാകുന്നത്, പ്രത്യേകിച്ച് സമ്മർദ്ദമോ ഭയമോ ഉള്ളപ്പോൾ. മറ്റു ചില സ്വപ്നങ്ങൾ ആവർത്തിച്ച് വരുന്ന ആവർത്തിക്കുന്ന സ്വപ്നങ്ങൾ (recurring dreams) ആയിരിക്കാം, ഇവ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ചിന്തകളോ വികാരങ്ങളോ കാരണമാകാം. ഉദാഹരണത്തിന്, പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നം അല്ലെങ്കിൽ ആകുലത. പേടിസ്വപ്നങ്ങൾ കുറയ്ക്കാൻ, സമ്മർദ്ദം കുറയ്ക്കുന്ന ശീലങ്ങൾ, ഉദാഹരണത്തിന്, ധ്യാനമോ ശ്വസന വ്യായാമങ്ങളോ, കിടക്കും മുൻപ് ശീലിക്കുന്നത് ഉപകാരമാകും.
തലച്ചോർ അതാത് ദിവസത്തെ ഓർമ്മകൾ നമ്മൾ ഉറങ്ങുന്ന നേരത്താണ് ക്രമീകരിക്കുന്നത്. തലച്ചോർ ദിവസം മുഴുവൻ ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്യുകയും, പ്രധാനപ്പെട്ടവ ദീർഘകാല ഓർമ്മയിലേക്ക് (long-term memory) മാറ്റുകയും ചെയ്യുന്നു. വേണ്ടാത്തവ synaptic pruning എന്ന പ്രക്രിയയിലൂടെ നീക്കം ചെയ്യുന്നു. ഇത് ന്യൂറോണുകൾ തമ്മിലുള്ള അനാവശ്യ ബന്ധങ്ങളെ (synapses) നീക്കം ചെയ്ത്, തലച്ചോറിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നു. ഈ പ്രവർത്തനം നടക്കുന്ന നേരത്ത് സജീവമായി നിൽക്കുന്ന ചില ഭാഗങ്ങൾ ഒന്നിച്ച് ചെയ്യുന്ന ഒരു കലാപരിപാടി ആണ് സ്വപ്‌നങ്ങൾ! ഉറക്കത്തിൽ തലച്ചോറിന്റെ ഭാഗങ്ങളായ visual cortex ഉം thalamus ഉം പ്രവർത്തനക്ഷമായതിനാലാണ് സ്വപ്നങ്ങളിൽ കാണുന്ന ചിത്രങ്ങൾ (visual imagery) സൃഷ്ടിക്കപ്പെടുന്നത്. ഇതിനെ "അക കാഴ്ച" (mental imagery) എന്ന് വിളിക്കപ്പെടുന്നു. ഉറങ്ങാത്ത നേരത്തും കണ്ണടയ്ക്കുമ്പോൾ ഭാവനയിൽ കാണുന്ന കാര്യങ്ങൾ ദൃശ്യനുഭവമായി നമുക്ക് കാണാൻ കഴിയുന്നത് ഇതേ പ്രക്രിയ വഴിയാണ്. Hippocampus ഓർമ്മകളെ ഉണർത്തുമ്പോൾ amygdala അതിലേക്ക് വികാരങ്ങളും, prefrontal cortex ഭാവനയും (imagination) ചേർക്കുന്നു. ചുരുകത്തിൽ, തലച്ചോർ ദിവസേനയുള്ള അനുഭവങ്ങൾ, പഴയ ഓർമ്മകൾ, ആ ദിവസത്തെ ഓർമ്മകൾ/ചിന്തകൾ, വികാരങ്ങൾ, ഭാവന എന്നിവ ചേർത്ത് ഒരു സിനിമ പോലെ നമ്മുടെ അകകാഴ്ചയിൽ പ്രദർശിപ്പിക്കുകയാണ്. dorsolateral prefrontal cortex (തർക്കബുദ്ധി, യുക്തിചിന്ത എന്നിവയ്ക്ക് സഹായിക്കുന്ന ഭാഗം) ഈ സമയത്ത് കുറഞ്ഞ പ്രവർത്തനക്ഷമതയിലായതിനാൽ സ്വപ്നങ്ങൾ പലപ്പോഴും പരസ്പരബന്ധമില്ലാത്തതായി തോന്നും. ആഴത്തിൽ പതിഞ്ഞിട്ടുള്ള ചിന്തകളും വിഷമങ്ങളും ഒക്കെ സ്വപ്നങ്ങളിൽ പ്രതിഫലിക്കാറുണ്ട്. ഇതെല്ലാം Hippocampus ഉം amygdala യും ചേർന്ന് ചെയ്യുന്നതാണ്.
ഇത്രയും മനസ്സിലാക്കുമ്പോൾ നമുക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്. സ്വപ്നങ്ങളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾക്ക് ഈ അറിവുകൾ സഹായിക്കും. പൂർണ്ണമായും സ്വപ്നങ്ങളെ നിയന്ത്രിക്കാൻ നമുക്കാവില്ലെങ്കിലും നല്ല സ്വപ്നങ്ങൾ കാണാൻ നല്ല ചിന്തകൾ വഴി സാധ്യതയുണ്ട്. കിടക്കും മുൻപ് നമുക്ക് ഉണ്ടാവുന്ന ചിന്തകൾ സ്വപ്നങ്ങളെ സ്വാധീനിക്കാം (pre-sleep cognition). അതിനാൽ പ്രതീക്ഷയും സമാധാനവും തരുന്ന ഓർമ്മകളും ചിന്തകളും കിടക്കുന്നതിനു തൊട്ട് മുൻപ് മനസ്സിൽ കൊണ്ടുവരുന്നത് നല്ലതായിരിക്കും. കിടക്കും മുൻപ് ഒരു മനോഹരമായ കടൽത്തീരം ഭാവനയിൽ കാണുകയോ (guided imagery), 'ഞാൻ സമാധാനപരമായ സ്വപ്നങ്ങൾ കാണും' (positive affirmations) എന്ന് ആവർത്തിക്കുകയോ ചെയ്യുന്നത് സ്വപ്നം പോസിറ്റീവ് ആക്കാൻ സഹായിക്കും.
നടക്കാനിരിക്കുന്ന കാര്യങ്ങൾ സ്വപ്നമായി കാണാൻ കഴിയുമോ? ശാസ്ത്രീയമായി, സ്വപ്നങ്ങൾ ഭാവിയെ പ്രവചിക്കുന്നതിനുള്ള ഉപകരണമല്ല, പക്ഷേ നമ്മുടെ ചിന്തകളും പ്രതീക്ഷകളും സ്വപ്നങ്ങളിൽ പ്രതിഫലിക്കാം, അത് ചിലപ്പോൾ ഭാവിയിൽ നടക്കുന്നതായും തോന്നാം. സമീപ ഭാവിയിൽ നടക്കാൻ സാധ്യതയുള്ള കാര്യങ്ങൾ നമ്മൾ ചിന്തിക്കാറുണ്ട്. അത്തരം ചിന്തകൾ സ്വപ്നമായി മാറാം. ഭാവിയിൽ നടക്കാൻ സാധ്യതയുള്ള ഒന്നായതിനാൽ അത് നടക്കുകയും ചെയ്തേക്കാം. അത്തരത്തിൽ ഒന്ന് സംഭവിക്കുമ്പോൾ നമ്മൾ അത് സ്വപ്നവുമായി കൂട്ടി കെട്ടി ചിന്തിക്കും. ഉദാഹരണത്തിന് ഒരാൾ അയാളുടെ സുഹൃത്തിന്റെ കല്യാണത്തിന് പോകുന്നതിനെ പറ്റിയും അന്നവിടെ കൂടെ പഠിച്ച സുഹൃത്തുകൾക്കൊപ്പം ഫോട്ടോ എടുക്കുന്നതും പകൽ നേരത്ത് ചിന്തിച്ച് ഭാവനയിൽ കാണുകയും അന്ന് രാത്രി അത് സ്വപ്നം കാണുകയും ചെയ്തു. പിന്നീട് സുഹൃത്തിന്റെ കല്യാണത്തിന് ചെന്നപ്പോൾ സ്വപ്നത്തിൽ കണ്ടത് പോലെ കൂടെ പഠിച്ച സുഹൃത്തുകൾക്കൊപ്പം ഒരു ഫോട്ടോ എടുക്കാനും അയാൾക്ക് കഴിഞ്ഞു. അയാൾ വിശ്വസിക്കുന്നത് നടക്കാനിരിക്കുന്നത് അയാൾ സ്വപ്നം കണ്ടെന്നാകും പക്ഷെ നടക്കാൻ ഏറെ സാധ്യത ഉള്ള ഒന്നായത് കൊണ്ടാണ് അത് അതുപോലെ നടന്നത്. Apophenia (നിലവിലില്ലാത്ത ബന്ധങ്ങൾ കാണൽ) അല്ലെങ്കിൽ post hoc rationalization (സംഭവങ്ങൾക്ക് ശേഷം അവയെ പ്രവചന സ്വപ്നവുമായി ബന്ധപ്പെടുത്തൽ) എന്നിവയാണ് നമുക്ക് ഇങ്ങനെയുള്ള തോന്നലുകൾ ഉണ്ടാവാൻ കാരണം. അത്തരം തോന്നലുകൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല. മാംഗാ രചയിതാവായ റ്യോ തത്സുകി 2025 ജൂലൈ 5-ന് ജപ്പാനിൽ വലിയൊരു ഭൂകമ്പമോ സുനാമിയോ വരുമെന്ന് "സ്വപ്നം കണ്ടു" എന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, സ്വപ്നങ്ങൾ ഭാവി കാര്യങ്ങൾ പ്രവചിക്കാൻ കഴിയുന്നവയല്ല.
തത്സുകിയുടെ ഈ സ്വപ്നം ഒരു പേടിസ്വപ്നമായിരിക്കാം. ജപ്പാന്റെ ഭൂകമ്പ ചരിത്രം കാരണം ആളുകളിൽ ഉണ്ടാകുന്ന ഭയം (ഇത് തലച്ചോറിലെ amygdala യുടെ അമിത പ്രവർത്തനമാണ്), അല്ലെങ്കിൽ തുടർച്ചയായ ആശങ്കകൾ എന്നിവ ഇത്തരം സ്വപ്നങ്ങൾക്ക് കാരണമാകാം. പക്ഷേ, സമൂഹം ഇതിനെ ഒരു യഥാർത്ഥ പ്രവചനമായി കണ്ടു. നടന്ന സംഭവങ്ങളെ ഈ സ്വപ്നങ്ങളുമായി കൂട്ടിച്ചേർത്ത് ആളുകൾ ശാസ്ത്രീയമായ കാര്യങ്ങളെ തള്ളിക്കളയുകയും യുക്തിരഹിതമായി വിശ്വസിക്കുകയും ചെയ്തു. ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) ഇത്തരം പ്രവചനങ്ങൾ ശാസ്ത്രീയമായി ശരിയല്ലെന്ന് പറഞ്ഞിട്ടും, 2025 ജൂലൈ മാസത്തിൽ ജപ്പാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു. ഇത് ജപ്പാന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ഓർക്കുക, നമ്മുടെ ചിന്തകളും വികാരങ്ങളും മാത്രമാണ് സ്വപ്നങ്ങളായി മാറുന്നത്. അവ വെച്ചുകൊണ്ട് ഒരു പ്രവചനം നടത്താൻ സാധ്യമല്ല.
Deja vu എന്ന മറ്റൊരു പ്രതിഭാസത്തെ ആളുകൾ അനുഭവിക്കാറുണ്ട്. ഇപ്പോൾ കണ്ട ആ കാഴ്ച്ച ഇതിന് മുൻപ് അതേ പോലെ കണ്ടിട്ടുണ്ടല്ലോ എന്ന ഒരു തോന്നലാണ് ഇത്. ഇവിടെ മറ്റൊന്നാണ് സംഭവിക്കുന്നത്. Deja vu ഉണ്ടാകുന്നത് തലച്ചോറിന്റെ hippocampus ഒരു പുതിയ അനുഭവത്തെ തെറ്റായി 'പഴയ ഓർമ്മ' ആയി തിരിച്ചറിയുമ്പോഴാണ്. ഇപ്പോൾ കാണുന്ന കാഴ്ച 'ഇതിന് മുൻപ് കണ്ടതുപോലെ' തോന്നുന്നത്, തലച്ചോറിന്റെ ഈ ചെറിയ തെറ്റിദ്ധാരണ മൂലമാണ്. ഇതാണ് deja vu.
ചിലപ്പോൾ സ്വപ്നങ്ങൾ വഴി പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടിയ ചരിത്ര സംഭവങ്ങളുണ്ട്. ഉദാഹരണത്തിന്, രസതന്ത്രജ്ഞനായ ഓഗസ്റ്റ് കെകുലെ, ബെൻസീൻ തന്മാത്രയുടെ വളയ രൂപം ഒരു സ്വപ്നത്തിലാണ് കണ്ടത് എന്ന് പറയപ്പെടുന്നു. ഒരു പാമ്പ് സ്വന്തം വാൽ കടിക്കുന്ന ദൃശ്യത്തിൽ നിന്നാണത്രേ അദ്ദേഹത്തിന് ഈ ആശയം കിട്ടിയത്.
എന്നാൽ, ഇത് ഒരു മാന്ത്രിക പ്രവചനമല്ല. ശാസ്ത്രീയമായി ഇതിനെ വിശദീകരിക്കാം: ഒരു പ്രശ്നത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നവരുടെ തലച്ചോറിൽ, ഉറക്കത്തിൽ ഓർമ്മകൾ ക്രമീകരിക്കുന്ന പ്രക്രിയ നടക്കും (memory consolidation). ഈ സമയത്ത്, തലച്ചോറിലെ ഹിപ്പോകാമ്പസ്, പ്രീഫ്രോണ്ടൽ കോർട്ടെക്സ് എന്നിവ സജീവമാകും. വിഷ്വൽ കോർട്ടെക്സിന്റെ സഹായത്തോടെ, ഭാവനാപരമായ ചിത്രങ്ങൾ (mental imagery) മനസ്സിൽ തെളിയാം. ഇത് ചിലപ്പോൾ പുതിയ ആശയങ്ങളിലേക്കോ, അതുവരെ കാണാത്ത വഴികളിലേക്കോ, പ്രശ്നപരിഹാരങ്ങളിലേക്കോ നയിച്ചേക്കാം. എങ്കിലും, ഇത് യാദൃശ്ചികമായി സംഭവിക്കുന്നതാണ്.
ശരിക്കും നടന്നതുപോലെ അനുഭവമാകുന്ന സ്വപ്‌നങ്ങൾ ഉണ്ട്. Lucid Dreams എന്ന ഇത്തരം സ്വപ്‌നങ്ങൾ അതിലെ സംഭവങ്ങളിൽ നമ്മൾ ശരീരികമായി പങ്കെടുത്തയായുള്ള അനുഭവം തരും. ഉദാഹരണത്തിന് കട്ടിലിൽ നിന്ന് താഴെ വീണ് കൈ വേദനിക്കുന്ന lucid dream കണ്ടാൽ, കൈക്ക് ആ വേദന അതുപോലെ അനുഭവപ്പെടാം പക്ഷെ അത് ഉടൻ മാഞ്ഞു പോകും. അതുപോലെ lucid dream ൽ നമുക്ക് ഇഷ്ടമുള്ളത് പോലെ കാര്യങ്ങൾ കാണാനും ഒരുപരിധി വരെ സാധിക്കും. നമുക്ക് ഇത്തരം സ്വപ്നങ്ങളെ ഉണ്ടാക്കാൻ കഴിയും. 6 മണിക്കൂർ തുടർച്ചയായി ഉറങ്ങിയതിന് ശേഷം എഴുന്നേറ്റ് 20 മിനിറ്റ് നേരം മറ്റെന്തെങ്കിലും ചെയ്ത് വീണ്ടും വന്ന് ഉറങ്ങുമ്പോൾ (Wake-Back-to-Bed (WBTB)) ഇത്തരം lucid സ്വപ്നങ്ങൾ കാണാൻ സാധിക്കും. പകൽ നേരങ്ങളിൽ നമ്മൾ സ്വപ്നം കാണുകയാണോ അതോ യഥാർത്ഥ ലോകത്താണോ എന്ന് പല തവണ ചോദിക്കുകയും, വിരൽ ചെറുതായി വലിച്ചു നോക്കി സ്വപ്നത്തിൽ അല്ലെന്ന് ഉറപ്പിക്കുന്നതും (reality checks) lucid dream കാണാൻ വഴിയൊരുക്കും. ഉറക്കത്തിന് ശേഷം സ്വപ്നങ്ങൾ എഴുതിവയ്ക്കുന്നത് lucid dreaming ന്റെ സാധ്യത വർധിപ്പിക്കും, കാരണം ഇത് metacognition (സ്വന്തം ചിന്തകളെക്കുറിച്ചുള്ള അവബോധം) വർധിപ്പിക്കുന്നു. മറ്റൊരു മാർഗമാണ് കിടക്കും മുൻപ് "ഞാൻ സ്വപ്നം കാണുമ്പോൾ സ്വപ്നം കാണുകയാണ് എന്ന് തിരിച്ചറിയും" എന്ന് മനസ്സിൽ ആവർത്തിക്കുന്ന രീതി (Mnemonic Induction of Lucid Dreams (MILD)).
മനോഹരമായ സ്വപ്‌നങ്ങൾ കണ്ടുറങ്ങാൻ കൊതിക്കുന്ന നമ്മുക്ക് സ്വപ്നങ്ങളുടെ ഈ യഥാർഥ്യങ്ങൾ അറിഞ്ഞു കൊണ്ട് ഇനി സ്വപ്നം കാണാമല്ലോ!

Vyshakh vengilode
Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>

